തികഞ്ഞ അരാജകവാദിത്വത്തിൽ നിന്ന് ഒരു തളിരിലയുടെ മാര്ദവത്തിനോളം, ഒരു സ്ത്രീയുടെ കടന്നുവരവോടു കൂടി വലുതാവുന്ന, പിന്നീട് തന്റെ ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന അതേ സ്ത്രീത്വത്തിനോട് "മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യത്തെ വേണ്ടെന്നുവക്കാൻ തോന്നിയത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് "എന്ന് പറയിച്ചതും, കോടി പുണ്യമാണ് നീയെന്ന് മനസ്സിടറി ഉരുവിടാൻ പ്രേരിപ്പിച്ചതും,മേധാവിത്വത്തോടുകൂടിയല്ലാത്ത ഭാഷയിൽ തന്റെ പങ്കാളിയോട് ആശയവിനിമയം നടത്താൻ മാത്രം നിരാഹങ്കാരിയായി വളർന്നതും, നീലകണ്ഠന്റെ ആണ്കോയ്മത്തമല്ല, മറിച്ച് അധികാരങ്ങളുടെ, അഹങ്കാരങ്ങളുടെ കണ്ണുമഞ്ഞളിപ്പിക്കുന്ന സൂര്യകിരീടങ്ങൾ തകർന്നടിഞ്ഞ് ഒരു കാതലായ മനുഷ്യനിലേക്ക് ഒരു വ്യക്തിയെ എങ്ങിനെ ഒരു സ്ത്രീ രൂപപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഇവിടെ സ്നേഹത്തിനു മുൻപിൽ ബോധപൂർവവും അല്ലാതെയും തോറ്റുകൊടുക്കുന്ന ഒരു മനുഷ്യനെയാണ് മനസ്സിലേക്കെടുക്കാൻ കഴിയുന്നത്, ഒരു മയക്കുവെടിക്കും തളച്ചിടാൻ കഴിയാത്ത ഒരൊറ്റക്കൊമ്പനെ ഒരു നോട്ടം കൊണ്ട് അലിയിപ്പിച്ചിരുത്താൻ കഴിവുറ്റ കരുത്തയായ, ഭാനുമതി എന്ന അക്ഷരാർത്ഥത്തിൽ നീലകണ്ഠന്റെ നെറുകിൽ വീണ പുണ്യത്തെയും.
സംഗീത
