Tuesday, 16 August 2016

നെടുവീർപ്പുകൾ

                                    വീണ്ടും കോണിപ്പടികളിൽ അഭയം  പ്രാപിച്ചിരിക്കുന്നു. ആരവങ്ങളും, ആത്മാക്കളും ആഗ്രഹങ്ങളുടെ ശ്‌മശാനത്തിന്  വഴിവിട്ടുകൊടുത്തിരിക്കുന്നു. കോണിപ്പടികളിൽ ചെവികൾ ചേർത്തുവച്ചാൽ,  ഇപ്പോഴും എനിക്കെൻറെ പ്രിയപ്പെട്ട ശബ്ദങ്ങൾ  കേൾക്കാം. പിണക്കങ്ങളും, പരാതികളും കേൾക്കാം. എന്നെ ചിന്തിക്കാൻ  പഠിപ്പിച്ച  നിശ്ശബ്ദതയെ അനുഭവിക്കാം. ഒറ്റപ്പെട്ട എന്നെ എനിക്കറിയാം...
                                   ഈയിടത്തിൻ്റെ പരിമിതികളാവാം കോണിപ്പടികൾക്കും, എനിക്കുമിടയ്ക്കുള്ള ദൂരമില്ലായ്മ സൃഷ്ടിച്ചത്. ഞാനോർക്കുന്നുണ്ട് . ഇവിടിരുന്ന് ചിന്തിച്ചു തീർത്ത ഞങ്ങളെയും, ചിലർക്കുവേണ്ടി മാത്രം കണ്ണുനനയിച്ച വൈകുന്നേരങ്ങളും, ഒടുവിലൊരു പൊട്ടിച്ചിരിയിലേക്ക് എന്നെ വലിച്ചുകൊണ്ടിടുന്ന നിന്നെയും. നിന്നെയുമിതെല്ലാം വലം വയ്കുന്നുണ്ടായിരിക്കുമോ ?? മഴപ്പെയ്ത്തുകളും, പോക്കുവെയിലും നിന്നെയും അലോസരപ്പെടുത്താറുണ്ടോ ?? ഞാനൂറ്റിയെടുത്ത നിന്റെ സുഖങ്ങളുടെ നഷ്ടമാവാം,  ഇന്ന്, ഞാനെന്ന നിന്റെ ഓർമ്മ.
                                  ഓർമ്മകൾ മറവിയിലേക്ക് ചേക്കേറുമ്പോൾ ബാക്കിയാവുന്നത്, മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഞാനും, എന്നോടൊപ്പം ഗർത്തങ്ങളിലേക്ക് ഇഴുകിച്ചേരാനുള്ള എന്റെ നഷ്ടങ്ങളും മാത്രമായിരിക്കും .........
സംഗീത 

കടന്നുപോകുന്നത്

                  അപ്പൂപ്പൻതാടികളെ എന്നും ഞാനിഷ്ടപ്പെട്ടിരുന്നു .  ഉള്ളംകൈയ്യിൽ  ചിരകാലം മുഴുവൻ ഒതുക്കിപ്പിടിക്കാൻമാത്രം അവയൊന്നും നിന്നുതരില്ലെന്നറിയാമായിരുന്നിട്ടും ഞാനിഷ്ടപ്പെട്ടിരുന്നു . നനവിറക്കാതെ, പൊടിയിലൂന്നാതെ, നോട്ടങ്ങളിൽ കുരുങ്ങിവീഴാതെ, പറന്നു നടക്കുന്ന നേർത്ത ചീളുകൾ . ചില്ലുകൂടുകളിലാക്കി സൂക്ഷിച്ചുകൊണ്ടുനടന്നിരുന്നു ഒരിക്കൽ . എൻ്റെ നീരാളിപ്പിടുത്തങ്ങൾ അവയുടെ ഓരോ  രോമങ്ങളെയും പിഴുതെറിയാൻ തുടങ്ങുന്നെന്ന്  സ്വയം ബോധ്യം വന്ന നിമിഷത്തിൽത്തന്നെ , എൻ്റെ  ചില്ലുകൂട്ടിനെ ഞാൻ ശൂന്യമാക്കി .  സ്വന്തം തത്വങ്ങളെ സ്വയം കബളിപ്പിച്ചുകൊണ്ടിരുന്നതിൻറെ മടുപ്പായിരിക്കാം എന്തിനെയൊക്കെയോ സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടാൻ എന്നെ പ്രേരിപ്പിച്ചത്. ശൂന്യതകൾ അങ്ങനെതന്നെ നിലനിൽക്കുമായിരിക്കും . ഇനിയുമൊരു അപ്പൂപ്പൻതാടിയെക്കൂടെ വീർപ്പുമുട്ടിച്ചുകൊല്ലാൻ നിൽക്കാതെ, 'ഒരിക്കലിൻറെ ' ഓർമ്മയിൽ കാലം കഴിക്കുമായിരിക്കും. ഞാൻ തുറന്നുവിട്ട എൻ്റെ അപ്പൂപ്പൻതാടികളെ ഇന്നും കാണാറുണ്ട്. ഞാനെന്ന ഓർമ്മയെ മറവിയിൽ മറവുചെയ്യാൻ ശ്രമിക്കുന്നവർ. എങ്കിലും എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു ... അപ്പൂപ്പൻതാടികളെ ....

സംഗീത 

Tuesday, 9 August 2016

അവശേഷിപ്പ്

ഭയമാണ് .
എന്നെ, ചിന്തകളെ ,നിശ്ശബ്ദതയെ .
 നഷ്ടപ്പെടലുകൾ
എന്നിലെ ചൂടിനെ ഊറ്റിയെടുക്കുമ്പോൾ
തളർച്ചയെൻറെ താങ്ങാവുന്നു .
പാപങ്ങൾ ഭോഗിച്ചുകൊണ്ടിരുന്ന
മനസ്സും, ശരീരവും
പൊട്ടിയൊലിപ്പുകളെ തീണ്ടുന്നു .
ഞാൻ മുറിച്ചുകൊന്നവയുടെ പ്രേതങ്ങൾ
ഇരുളിലും പകലിലും
എൻറെ  നിഴലിനെപ്പോലും
ലാക്കുവക്കുന്നത്
വിറയലുകൾ എന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു.
എന്റെ രക്തത്തിൽ നിന്നും
നീയടർത്തിയെടുത്തത്
ജീവന്റെ തളിർത്തുടിപ്പായിരുന്നു .
നീയെന്ന മിഥ്യയും സത്യവും
മിന്നിത്തെളിഞ്ഞുകൊണ്ട്
എന്റെ കണ്ണുകൾക്ക് പകരുന്നത്
തുടിപ്പുകളുടെ മരണമാണ് .
കനംവച്ച സന്ധികൾ
ഒരു തിരിഞ്ഞു നോട്ടത്തെപ്പോലും
 അസാധ്യമാക്കുന്നു .
എൻറെ ജീർണതയെ  ഞാൻ നിന്നിലേക്ക്
പടർത്തുന്നില്ല ..
എൻറെ  ശബ്ദത്താൽ ബന്ധനം
മുറുക്കുന്നില്ല..
ഈ കൈകൾക്കിനി ചൂടുപകരാനില്ലാത്ത
നിൻറെ  വിരലുകൾ
എനിക്കന്യമാകട്ടെ ..
നിനക്ക് ചുംബിക്കാൻമാത്രം
നിറം ചോർന്നുപോയ
എൻറെ ചുണ്ടുകൾ
ഇനിയെന്നും വരണ്ടിരിക്കട്ടെ ...
ഒരു തിരിച്ചുവരവെങ്കിലുമുണ്ടെങ്കിൽ
മൃതിയിലും മരവിപ്പുകളെന്നെ
തൊടാതിരിക്കട്ടെ .....
എൻറെ സ്വത്വം
വീണ്ടെടുപ്പുകളെ തിരയട്ടെ ....
ഞാനും പുനർജനിക്കട്ടെ ....

സംഗീത 




  

Wednesday, 8 June 2016

മരിച്ചവർ മരിക്കുന്നില്ല

ഇന്നലെ ഞാനൊരു ഒറ്റപ്പക്ഷിയെ കണ്ടു.
നീ ചുരത്തിയ  വിപ്ലവം പടർത്തിയ
ചുണ്ടുകളുള്ളത്,
ചായം തേച്ച് മുഴുമിപ്പിക്കാത്ത
നിന്റെ പ്രണയത്തോളം വർണങ്ങളുള്ളത്‌.
ഒടുവിലെ ശ്വാസവും വഴിപിരിഞ്ഞുപോകുന്നേരം
നിന്നെ പുതപ്പിച്ച , തളർത്തുന്ന മരവിപ്പ്
മുഴച്ചു നിന്നിരുന്നു അതിന്റെ
(എനിക്ക് )അപരിചിതമായ സ്വരത്തിൽ.
പകുതിക്കുവച്ചു മടക്കേണ്ടി വന്ന പുസ്തകത്തിൽ നിന്നും
നിന്നെ തേടി, കാതങ്ങൾ താണ്ടിയെത്താൻ പുറപ്പെട്ട
ചിരന്ജീവികളായ വാക്കുകൾ
ഒറ്റപ്പക്ഷിക്ക് ചുറ്റും സംശയത്തോടെ വട്ടമിട്ടിരുന്നു .
നിന്റെ കറുപ്പ് ,നിന്റെ പിണക്കം,നിന്റെ ഭയം ......
വേഷപ്രച്ഛന്നനായിവന്ന
 മറ്റൊരു നീയായിരുന്നോ അത്?
"നനവുവറ്റിയ മണ്ണിന്നകത്തളത്തിൽ
നിന്റെ ശരീരം,
 ജീർണിക്കാൻ വേണ്ടി കാത്തുകിടക്കുന്നുണ്ടാവാം "...
ഓർക്കാഞ്ഞിട്ടല്ല ...
പ്രതീക്ഷകളെ ഞാൻ പ്രണയിക്കുന്നു
ഞാൻ കണ്ട ഒറ്റപ്പക്ഷി നീയാവാം...
നിന്നെ പകർത്തിയ, വർണങ്ങളുള്ള ,
വിപ്ലവം മണക്കുന്ന പക്ഷി......

സംഗീത 






 

Wednesday, 6 April 2016

വൈരുദ്ധ്യങ്ങൾ

നിൻറെ നിശ്വാസങ്ങളെനിക്ക്
അനുഭവിക്കാമായിരുന്നു.
നിന്നിൽ  നിന്നും, നീപോലുമറിയാതെ
അദൃശ്യമായൊരു നൂൽപ്പാലം
എന്നിലേക്ക് അലസമായി
നീണ്ടുകിടന്നിരുന്നു ,
തെന്നിത്തെറിക്കുന്ന   നിശ്വാസങ്ങൾ
എന്നിലേക്കെത്താൻ വിസമ്മതിക്കുന്നതും
എനിക്കറിയാമായിരുന്നു .
എന്റെ കാല്പനികമായ ശരികൾ
എവിടെയോ വഴിമുട്ടിക്കിടക്കുന്നുണ്ടാവാം !
അയഥാർഥമായ യാഥാർധ്യങ്ങൾ  
നമുക്കിടയിലുള്ള ദൂരതിന്റെ
കടലാഴങ്ങളെ
മുങ്ങാംകുഴിയിട്ട്,
തുരന്നു വീർപ്പിച്ചുകൊണ്ടെയിരിക്കുന്നു ..
എന്റെ ചിന്തകൾക്ക് മീതെ
രണ്ട്  അപ്പുപ്പൻതാടികൾ
നിലവിട്ടു പറക്കുന്നു .....

സംഗീത 



Thursday, 17 March 2016

നനവ്

മഴമരങ്ങൾ
മഴപെയ്യിക്കും ;
ഒരു മഴക്കാലത്ത്
ആരും കാണാതെ
ഇലക്കൂടുകളിൽ
ആവാഹിച്ചുവച്ച
തണുത്തതുള്ളികളെ
മണ്ണിൻറെ അനന്തതയിലേക്ക്
ഊർന്നിറക്കാൻ.
ഊർന്നൂർന്നിറങ്ങി,
താഴേക്കു താഴേക്ക്,
വേരുകൾക്കും അപ്പുറത്തേക്ക്
തുള്ളികൾ അലിഞ്ഞലിഞ്ഞ്
ഒരു മൺതരിയിലേക്ക് ചുരുങ്ങും.
ആഴങ്ങളിൽ  ഒരമൂർത്ത
സംഗമം...  


  സംഗീത