Wednesday, 20 May 2020

🌻

നിറയെ സ്നേഹം പതഞ്ഞ
തീരത്ത് നാമിരുവരും
കൈകളിണചേർത്തിരിക്കുമ്പോൾ
അവിടെ ഞാനോ നീയോ
ഒരു വാക്കും,  മൗനവും കൈമാറാതെ
വന്നിടത്തേക്ക് മടങ്ങുമ്പോൾ
അവിടെയല്ലേ മരണം?


സംഗീത 

Saturday, 2 February 2019

PERANPU....


പേരൻപ്  വരച്ചു വയ്ക്കുന്നത് നല്ല ഈർപ്പമുള്ള, മഷിയുണങ്ങാത്ത  സ്നേഹത്തെത്തന്നെയാണ്. "നിങ്ങൾ എത്ര അനുഗൃഹീതമായ ഒരു ജീവിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക് മനസ്സിലാക്കിത്തരുവാനാണ് ഞാനിതെഴുതുന്നത്" എന്ന മുന്നറിയിപ്പോടുകൂടി ആരംഭിക്കുന്ന സിനിമ, കാണികളോട്, ഇത് രണ്ടരമണിക്കൂർ  എല്ലാം മറന്ന് നിങ്ങളെ  മിഥ്യാലോകത്തേക്ക് പറന്നെത്തിക്കുന്ന ഒരു റോക്കറ്റ് അല്ലെന്നും, നാം ഓരോരുത്തരുടെയും ജീവിതത്തെ പുനർചിന്തനം നടത്താനുള്ള ഒരു വേദിയാണെന്നും നമ്മെ ആദ്യം തന്നെ ഓർമപ്പെടുത്തുന്നു. സെറിബ്രൽ പാൾസി ബാധിച്ച ഒരു പതിനാലു വയസ്സുകാരിയുടെയും, അവളുടെ നിസ്സഹായനായ അച്ഛൻറെയും കഥ പറയുന്ന "പേരൻപ് ", ഒരു ശരാശരി മനുഷ്യൻറെ അഹന്തക്കും, ആഡംബരത്തിനും,അവർ വലുതെന്ന് സ്വയം ഉദ്ഘോഷിക്കുന്ന പ്രശ്നങ്ങൾക്കും ഉള്ള ഒരു ചെരുപ്പടി തന്നെയാണ്. മമ്മൂട്ടി(അമുദവൻ ) അച്ഛനായും, സാധന (പാപ്പ) മകളായും ജീവിച്ചഭിനയിച്ച സിനിമയിൽ അച്ഛൻ എന്ന പദത്തിന് അർഥങ്ങൾ വലുതാണ്. തന്റെ മകൾക്ക് ആർത്തവകാലത്തു സ്വന്തമായി സാനിറ്ററി പാഡ് ഉപയോഗിക്കാൻ പറ്റുന്നു എന്നറിയുന്ന നിമിഷം തന്നെയായിരിക്കും തനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാവുന്ന സന്ദർഭം എന്ന് അമുദവൻ വിവരിക്കുന്ന രംഗം, തങ്ങളുടെ മക്കൾക്ക് സൗകര്യങ്ങൾ ഏറിയിട്ടും, ഇനിയും അതിനപ്പുറത്തേക് സാധിപ്പിച്ചുകൊടുക്കാൻ വേണ്ടി ആയുസ്സത്രയും പരക്കം പായുന്ന മാതാപിതാക്കളെ, ഒരു നിമിഷം അവരുടെ  കാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ അഴിച്ചു വയ്പ്പിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഏത് വാതിൽ മുട്ടണമെന്നും, ഏത് രീതി സ്വീകരിക്കണമെന്നും, എങ്ങിനെ മകൾക്ക് അനുയോജ്യമായ ജീവിതം ഉണ്ടാക്കിയെടുക്കണമെന്നുമുള്ള ചോദ്യങ്ങൾ  നിസ്സാഹയതയിൽ തട്ടി അന്തരീക്ഷത്തിൽ പൊലിഞ്ഞു പോകുന്ന സമയം മരണത്തിലേക്കുള്ള യാത്ര പോലും അവിടെ തീരുമാനിക്കപ്പെടുന്നു. ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി എത്തുന്ന ട്രാൻജൻഡർ യുവതിയിലൂടെ അച്ഛനും മകളും അവരുടെ ജീവിതത്തിലെ പുതിയ അദ്ധ്യായം തുടങ്ങുന്നു . റാം എന്ന കഴിവുറ്റ സംവിധായകൻ  ചിത്രീകരിച്ചു വച്ചിരിക്കുന്ന ഓരോ ആശയവും സമൂഹത്തിന്റെ തലതാഴ്ത്തിപ്പിക്കുന്നവയാണ്. കുറ്റബോധത്തിൻറെ ഉൾക്കുത്തേൽക്കാതെ പേരൻപിൻറെ ദൃശ്യത്തിൽ നിന്നും നമുക്ക് പുറത്തു കടക്കാനാവില്ല. സിനിമ പറയുന്ന പെരൻപിൻറെ  ഫിലോസഫി  അഥവാ the philosophy of great love, ലോകത്തുള്ള  അനേകം കോടി മനുഷ്യരുടെ അതിലുമിരട്ടി ചോദ്യങ്ങൾക്കുള്ള ഒരൊറ്റ ഉത്തരവും, ജീവിതത്തിനുള്ള ഒരു താക്കീതുമാണ്.

                                                                                                                                                                                                    സംഗീത



         


Saturday, 11 August 2018

ദേവാസുരം, ഒരു മാനുഷിക വായന



                  തികഞ്ഞ അരാജകവാദിത്വത്തിൽ നിന്ന്  ഒരു തളിരിലയുടെ മാര്ദവത്തിനോളം, ഒരു സ്ത്രീയുടെ കടന്നുവരവോടു കൂടി വലുതാവുന്ന, പിന്നീട് തന്റെ ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന അതേ സ്ത്രീത്വത്തിനോട് "മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യത്തെ വേണ്ടെന്നുവക്കാൻ തോന്നിയത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് "എന്ന് പറയിച്ചതും, കോടി പുണ്യമാണ് നീയെന്ന് മനസ്സിടറി ഉരുവിടാൻ പ്രേരിപ്പിച്ചതും,മേധാവിത്വത്തോടുകൂടിയല്ലാത്ത ഭാഷയിൽ തന്റെ പങ്കാളിയോട് ആശയവിനിമയം നടത്താൻ മാത്രം നിരാഹങ്കാരിയായി വളർന്നതും, നീലകണ്ഠന്റെ ആണ്കോയ്മത്തമല്ല,  മറിച്ച്‌ അധികാരങ്ങളുടെ,  അഹങ്കാരങ്ങളുടെ കണ്ണുമഞ്ഞളിപ്പിക്കുന്ന സൂര്യകിരീടങ്ങൾ തകർന്നടിഞ്ഞ് ഒരു കാതലായ മനുഷ്യനിലേക്ക് ഒരു വ്യക്തിയെ എങ്ങിനെ ഒരു സ്ത്രീ രൂപപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഇവിടെ സ്നേഹത്തിനു മുൻപിൽ ബോധപൂർവവും അല്ലാതെയും തോറ്റുകൊടുക്കുന്ന ഒരു മനുഷ്യനെയാണ് മനസ്സിലേക്കെടുക്കാൻ കഴിയുന്നത്, ഒരു മയക്കുവെടിക്കും തളച്ചിടാൻ കഴിയാത്ത ഒരൊറ്റക്കൊമ്പനെ ഒരു നോട്ടം കൊണ്ട് അലിയിപ്പിച്ചിരുത്താൻ കഴിവുറ്റ കരുത്തയായ, ഭാനുമതി എന്ന അക്ഷരാർത്ഥത്തിൽ നീലകണ്ഠന്റെ നെറുകിൽ വീണ പുണ്യത്തെയും.


                                                     സംഗീത

     

Friday, 12 January 2018

ചില പ്രണയങ്ങൾ


ഫേസിനും  ന്യൂട്രലിനുമിടയിൽ കരിഞ്ഞു ചാവുന്ന പ്രണയങ്ങളെത്ര !

ചുംബിച്ചു മരിക്കാൻ ഭാഗ്യം സിദ്ധിച്ച കറുത്ത പ്രണയങ്ങളെത്ര !

കാക്കത്തൊള്ളായിരം കാക്കപ്രണയങ്ങൾ ...

                                                                                         
                                                                                               സംഗീത 

Sunday, 12 November 2017

Who Showed me the Colour of Love




     He died in his old age, still young with a smile brimmed with love. Trying hard to grab breath, he lied there, eyes opened. He lend me a gaze for a few seconds, just before the last breath.  For the last time, he too took a profound inhale as any other dying person does. I concluded, this is the end. This is the end of  an exclusive island of innocent love and care of my life. Every element seemed frozen inside his room, his white covered bed, an ash colored small box  and his red purse, all bearing the ancient smell of him. I stepped down from his room to the veranda. Looting his pleasant smile, the full moon shined over the universe. After a full day's  funeral rituals, I came back to his room. There something made my whole being burned.Rather, it is at the place where memories fume, we feel the heat of missing.  It was all silent, like his last breath. It was all pale, like his dead face. My actions were encumbered by the unreal summoning sound of him. He too is gone with umpteen number of stories untold and told. Centuries later when I see some yellow saplings sprouting from the womb of the earth which bears his dead life, those untold stories may come in intuition unto me, which will blossom in his complexion which only we can decipher.....




                                                                                  Sangeetha

Friday, 8 September 2017

മരണം

മരണം
പുകയുന്ന ചന്ദനത്തിരികളുടെ ഗന്ധമാണ് ,
പകുത്ത നാളികേരത്തിന്റെ
നനവുവറ്റിയ വെളുപ്പാണ് ,
ഓട്ടുവിളക്കിലെ
കരഞ്ഞുകത്തുന്ന തിരിയാണ്,
ഉടൽമൂടിയ പുതുവസ്ത്രമാണ് ,
അടയാത്ത കണ്ണുകളിലെ
പിടയാത്ത ജീവനാണ് ,
നിശ്ചലതയിൽ പാറിനടക്കുന്ന
സ്മരണകളുടെ പൊടിപടലങ്ങളാണ് ,
മേഘങ്ങളിലേക്കോ , മൺതരികളിലേക്കോ
പടർന്നുപിടിക്കാനുള്ള തയ്യാറെടുപ്പാണ്,
ഒരിറ്റു കണ്ണുനീരിലൊളിപ്പിച്ച
ചൂടേറിയ സ്നേഹമാണ് ,
ഇന്നില്ല എന്ന തിരിച്ചറിവാണ് ,
മരണം മറവിക്ക്‌ തീറെഴുതിക്കൊടുക്കാൻ കഴിയാത്ത
ഓർമയാണ് ,
മരണം ഓർമയാണ് . 


സംഗീത
 

Monday, 7 August 2017

പാട്ടിറങ്ങുന്ന വഴിയിലാണെൻറെ  പ്രണയവും ....
......................................!!!!!!!!...................................................
                                                                       


                             സംഗീത