Saturday, 2 February 2019

PERANPU....


പേരൻപ്  വരച്ചു വയ്ക്കുന്നത് നല്ല ഈർപ്പമുള്ള, മഷിയുണങ്ങാത്ത  സ്നേഹത്തെത്തന്നെയാണ്. "നിങ്ങൾ എത്ര അനുഗൃഹീതമായ ഒരു ജീവിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക് മനസ്സിലാക്കിത്തരുവാനാണ് ഞാനിതെഴുതുന്നത്" എന്ന മുന്നറിയിപ്പോടുകൂടി ആരംഭിക്കുന്ന സിനിമ, കാണികളോട്, ഇത് രണ്ടരമണിക്കൂർ  എല്ലാം മറന്ന് നിങ്ങളെ  മിഥ്യാലോകത്തേക്ക് പറന്നെത്തിക്കുന്ന ഒരു റോക്കറ്റ് അല്ലെന്നും, നാം ഓരോരുത്തരുടെയും ജീവിതത്തെ പുനർചിന്തനം നടത്താനുള്ള ഒരു വേദിയാണെന്നും നമ്മെ ആദ്യം തന്നെ ഓർമപ്പെടുത്തുന്നു. സെറിബ്രൽ പാൾസി ബാധിച്ച ഒരു പതിനാലു വയസ്സുകാരിയുടെയും, അവളുടെ നിസ്സഹായനായ അച്ഛൻറെയും കഥ പറയുന്ന "പേരൻപ് ", ഒരു ശരാശരി മനുഷ്യൻറെ അഹന്തക്കും, ആഡംബരത്തിനും,അവർ വലുതെന്ന് സ്വയം ഉദ്ഘോഷിക്കുന്ന പ്രശ്നങ്ങൾക്കും ഉള്ള ഒരു ചെരുപ്പടി തന്നെയാണ്. മമ്മൂട്ടി(അമുദവൻ ) അച്ഛനായും, സാധന (പാപ്പ) മകളായും ജീവിച്ചഭിനയിച്ച സിനിമയിൽ അച്ഛൻ എന്ന പദത്തിന് അർഥങ്ങൾ വലുതാണ്. തന്റെ മകൾക്ക് ആർത്തവകാലത്തു സ്വന്തമായി സാനിറ്ററി പാഡ് ഉപയോഗിക്കാൻ പറ്റുന്നു എന്നറിയുന്ന നിമിഷം തന്നെയായിരിക്കും തനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാവുന്ന സന്ദർഭം എന്ന് അമുദവൻ വിവരിക്കുന്ന രംഗം, തങ്ങളുടെ മക്കൾക്ക് സൗകര്യങ്ങൾ ഏറിയിട്ടും, ഇനിയും അതിനപ്പുറത്തേക് സാധിപ്പിച്ചുകൊടുക്കാൻ വേണ്ടി ആയുസ്സത്രയും പരക്കം പായുന്ന മാതാപിതാക്കളെ, ഒരു നിമിഷം അവരുടെ  കാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ അഴിച്ചു വയ്പ്പിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഏത് വാതിൽ മുട്ടണമെന്നും, ഏത് രീതി സ്വീകരിക്കണമെന്നും, എങ്ങിനെ മകൾക്ക് അനുയോജ്യമായ ജീവിതം ഉണ്ടാക്കിയെടുക്കണമെന്നുമുള്ള ചോദ്യങ്ങൾ  നിസ്സാഹയതയിൽ തട്ടി അന്തരീക്ഷത്തിൽ പൊലിഞ്ഞു പോകുന്ന സമയം മരണത്തിലേക്കുള്ള യാത്ര പോലും അവിടെ തീരുമാനിക്കപ്പെടുന്നു. ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി എത്തുന്ന ട്രാൻജൻഡർ യുവതിയിലൂടെ അച്ഛനും മകളും അവരുടെ ജീവിതത്തിലെ പുതിയ അദ്ധ്യായം തുടങ്ങുന്നു . റാം എന്ന കഴിവുറ്റ സംവിധായകൻ  ചിത്രീകരിച്ചു വച്ചിരിക്കുന്ന ഓരോ ആശയവും സമൂഹത്തിന്റെ തലതാഴ്ത്തിപ്പിക്കുന്നവയാണ്. കുറ്റബോധത്തിൻറെ ഉൾക്കുത്തേൽക്കാതെ പേരൻപിൻറെ ദൃശ്യത്തിൽ നിന്നും നമുക്ക് പുറത്തു കടക്കാനാവില്ല. സിനിമ പറയുന്ന പെരൻപിൻറെ  ഫിലോസഫി  അഥവാ the philosophy of great love, ലോകത്തുള്ള  അനേകം കോടി മനുഷ്യരുടെ അതിലുമിരട്ടി ചോദ്യങ്ങൾക്കുള്ള ഒരൊറ്റ ഉത്തരവും, ജീവിതത്തിനുള്ള ഒരു താക്കീതുമാണ്.

                                                                                                                                                                                                    സംഗീത



         


2 comments:

  1. പേരന്പ്.. സിനിമ പോലെ അതി മനോഹരമായ എഴുത്ത് , സിനിമയുടെ ഉൾക്കാമ്പ് അറിഞ്ഞ എഴുത്ത്.. നല്ല റിവ്യൂ

    ReplyDelete